Thursday 15 January 2015

നിരീശ്വരവാദം

നിരീശ്വരവാദം

Atheism

ഈശ്വരാസ്തിത്വത്തെ നിരാകരിക്കുന്ന പ്രത്യയശാസ്ത്രം. പ്രപഞ്ച സ്രഷ്ടാവിനെയും പ്രകൃത്യതീത ശക്തികളെയുംകുറിച്ചുള്ള അതിഭൌതിക ധാരണകളെ നിരീശ്വരവാദം നിഷേധിക്കുന്നു. ഏക പ്രത്യയശാസ്ത്രം എന്ന നിലയ്ക്കല്ല നിരീശ്വരവാദം നിലനില്ക്കുന്നത്. മതേതരവാദം, യുക്തിവാദം, മാനവികതാവാദം, നാച്വറലിസം തുടങ്ങി പലതരം ആശയങ്ങള്‍ ചേര്‍ന്നതാണത്.
പ്രപഞ്ചം സൃഷ്ടിച്ചത് ദൈവമാണെന്നും, ഈശ്വരാസ്തിത്വത്തിനുമേലാണ് ലോകം നിലനില്ക്കുന്നതെന്നും, ദൈവം ഇല്ലായിരുന്നെങ്കില്‍ ലോകംതന്നെ ഉണ്ടാവില്ലായിരുന്നുവെന്നും വാദിക്കുന്ന സൃഷ്ടിവാദികളെ നിരീശ്വരവാദികള്‍ എല്ലാകാലത്തും എതിര്‍ത്തുപോന്നിട്ടുണ്ട്.
പുരാതന ഇന്ത്യയിലും ഗ്രീസിലും മറ്റും നിരീശ്വരവാദത്തിന്റെ പല രൂപങ്ങള്‍ നിലനിന്നിരുന്നു. എന്നാല്‍ അവ ഇന്ന് ഉപയോഗത്തിലുള്ള അര്‍ഥത്തിലല്ല, വിവിധ സന്ദര്‍ഭങ്ങളില്‍ വ്യത്യസ്ത അര്‍ഥത്തിലാണ് ഉപയോഗിച്ചിരുന്നത്. യൂറോപ്യന്‍ നവോത്ഥാന, ജ്ഞാനോദയ കാലത്തോടെയാണ് നിരീശ്വരവാദത്തിന് ആധുനികമായ അര്‍ഥം കൈവന്നത്. ദൈവ വിശ്വാസമില്ലാത്തവര്‍ എന്ന് അര്‍ഥം വരുന്ന 'എഥിസ്മെ' എന്ന ഫ്രഞ്ച് വാക്കില്‍നിന്നാണ് (ഏകദേശം എ.ഡി. 1587) എഥിയിസം എന്ന ആംഗലേയ പദം രൂപപ്പെട്ടിട്ടുള്ളത്.

പ്രാചീന നിരീശ്വരവാദങ്ങള്‍

മനുഷ്യന്റെ ആദ്യതലമുറകള്‍ ഏതെങ്കിലും വിശ്വാസക്രമങ്ങള്‍ പിന്തുടര്‍ന്നതിന് ലഭ്യമായ തെളിവുകളില്ല. പില്ക്കാലത്ത് അവര്‍ കൂട്ടമായി ജീവിക്കുകയും സാമൂഹിക ജീവിതം വികസിക്കുകയും ചെയ്തതോടെ ചുറ്റുപാടുകളുമായുള്ള അവരുടെ ബന്ധം സങ്കീര്‍ണമായിത്തീര്‍ന്നു. ഗോത്രങ്ങളും വിശ്വാസക്രമങ്ങളും രൂപപ്പെട്ടു. തന്നെക്കാള്‍ കരുത്തുള്ള പ്രകൃതിശക്തികളെ അവര്‍ ആരാധിക്കാന്‍ തുടങ്ങുന്നതും ഇക്കാലത്താണ്. പില്ക്കാലത്ത് ഇത്തരം വിശ്വാസരൂപങ്ങള്‍ ദൈവങ്ങളും മതങ്ങളുമൊക്കെയായി വളര്‍ന്നുവരികയാണുണ്ടായത്. പ്രപഞ്ചത്തെ വ്യാഖ്യാനിക്കാനുള്ള അവരുടെ ശ്രമങ്ങളായിരുന്നു ദര്‍ശനങ്ങളായി അവയില്‍ ഘനീഭവിച്ചത്. എന്നാല്‍ ഇത്തരം ദര്‍ശനങ്ങള്‍ അതീത ശക്തിയിലും, പ്രപഞ്ചസ്രഷ്ടാവിലും ചെന്നെത്തിയപ്പോള്‍ അവയോട് വിയോജിക്കുകയും ബദല്‍ ദര്‍ശനങ്ങള്‍ മുന്നോട്ടുവയ്ക്കുകയും ചെയ്തുകൊണ്ട് ചില പ്രാചീന ദാര്‍ശനികര്‍ അവരുടെ സ്വതന്ത്ര ചിന്ത ആവിഷ്കരിച്ചു.

ഇന്ത്യന്‍ നിരീശ്വരവാദം

ഈശ്വരവാദവും നിരീശ്വരവാദവും ഏറ്റവും സ്പഷ്ടമായ അര്‍ഥകല്പനകളുള്ള ദാര്‍ശനിക നിലപാടുകളായിട്ടാണ് ഇന്ത്യന്‍ ദാര്‍ശനികര്‍ ഉപയോഗിച്ചിരുന്നതെന്ന് ദേബീപ്രസാദ് ചതോപാധ്യായ ചൂണ്ടിക്കാട്ടുന്നു. സര്‍വജ്ഞനും, സര്‍വശക്തനും, ധാര്‍മിക നിയന്താവുമായ ദൈവത്തെക്കുറിച്ചുള്ള വ്യക്തമായ സങ്കല്പമാണ് ഈശ്വരവാദം. എന്നാല്‍ ഇത്തരം സങ്കല്പങ്ങളുടെ നിഷേധമായിരുന്നു നിരീശ്വരവാദം.
ഇന്ത്യന്‍ ദാര്‍ശനികരില്‍ ഒരു വിഭാഗം നിരീശ്വരവാദികളായിരുന്നു. അവര്‍ക്ക് ഈശ്വരന്‍ അന്ധവിശ്വാസവും പൊള്ളയായ സങ്കല്പവും ലക്ഷ്യംതെറ്റിയ ആരാധനാവസ്തുവുമായിരുന്നു. ദൈവത്തെ സര്‍വജ്ഞന്‍, സര്‍വശക്തന്‍, അനശ്വരന്‍ എന്നിങ്ങനെ വാഴ്ത്തുന്നത് അര്‍ഥശൂന്യമാണെന്നാണ് ജൈനദാര്‍ശനികരുടെ അഭിപ്രായം.
വേദാന്തവും, ന്യായ-വൈശേഷികവുമൊഴിച്ച്, ബുദ്ധമതം, ജൈനമതം, ചാര്‍വാകം (ലോകായതം), മീമാംസ, ന്യായ-വൈശേഷികത്തിന്റെ ആദ്യരൂപം, സാംഖ്യം, യോഗം തുടങ്ങിയ ദര്‍ശനങ്ങളെല്ലാം നിരീശ്വരവാദപരമായിരുന്നു. ഇതില്‍ യോഗം വലിയ ദാര്‍ശനിക പദ്ധതിയായി കരുതാനാവില്ല. യോഗത്തിലെ ദാര്‍ശനിക കാര്യങ്ങള്‍ സാംഖ്യത്തില്‍നിന്ന് കടംകൊണ്ടിട്ടുള്ളവയാണ്.
ബുദ്ധനു മുന്‍പ് (ബി.സി. 6-ാം ശ.) എഴുതപ്പെട്ട ശ്വേതാശ്വതരോപനിഷത്തില്‍ പ്രപഞ്ചത്തിന്റെ കാരണമന്വേഷിക്കുന്ന ചിന്തകളുടെ സൂചനകളുണ്ട്. അവ, ഈശ്വരനാണ് കാരണമെന്ന് പറയുന്ന ഈശ്വരവാദം, ആകസ്മികത്വമാണെന്ന് വിശേഷിപ്പിക്കുന്ന യദൃച്ഛാവാദം, സ്വഭാവത്തെ കാരണമായി കരുതുന്ന സ്വഭാവവാദം എന്നിവയാണ്.

സ്വഭാവവാദം

ഇതിന്റെ അടിസ്ഥാനത്തില്‍ പ്രപഞ്ചം തികച്ചും ഭൗതികമായ ഒന്നാണ്. അത് ദ്രവ്യത്തിന്റെ സ്വാഭാവിക പ്രകൃതി നിയമങ്ങളുടെ പ്രവര്‍ത്തനഫലമായാണ് ഉദ്ഭവിച്ചത്. പ്രപഞ്ചത്തിലെ മുഴുവന്‍ വസ്തുക്കളും സംഭവങ്ങളും പ്രകൃതി നിയമങ്ങള്‍ക്ക് വിധേയമാണ്. പ്രാര്‍ഥനയ്ക്കോ വഴിപാടുകള്‍ക്കോ അവയെ സ്വാധീനിക്കാനാവില്ല. ആകസ്മികതാവാദവും ഈശ്വരാസ്തിത്വത്തെ നിരാകരിക്കുന്നതാണ്. ലോകയാഥാര്‍ഥ്യം സങ്കീര്‍ണവും യാദൃച്ഛികവുമാണെന്ന് ആകസ്മികതാവാദികള്‍ വാദിക്കുന്നു. ബുദ്ധന് മുന്‍പുതന്നെ ഇന്ത്യയില്‍ വികാസം പ്രാപിച്ച അനേകം നിരീശ്വരവാദ നിലപാടുകള്‍ ശ്വേതാശ്വതരോപനിഷത്തില്‍ കാണുന്നു.

ചാര്‍വാകം

ഭൗതികവാദികളായിരുന്ന ചാര്‍വകന്മാരുടെ കൃതികളൊന്നുംതന്നെ ലഭ്യമല്ല. ഇവര്‍ സ്വഭാവവാദത്തിന്റെ ആദ്യകാല പ്രതിനിധികളായിരുന്നു. അവരുടെ വാദങ്ങളെ നിഷേധിക്കുന്നതിനുവേണ്ടി ഈശ്വരവാദികള്‍ ഉദ്ധരിച്ച വാക്യങ്ങളും, സംഗ്രഹിതരൂപങ്ങളുമാണ് ചാര്‍വാകത്തെക്കുറിച്ച് നമുക്ക് അറിവു നല്കുന്നത്. ഈശ്വരന്‍, സ്വര്‍ഗം തുടങ്ങിയ ആശയങ്ങളെ തികഞ്ഞ ഭൗതികവാദാടിത്തറയില്‍നിന്ന് അവര്‍ നിരാകരിച്ചു.
ചതുര്‍ഭൂതങ്ങളായ ഭൂമി, ജലം, തേജസ്സ്, വായു എന്നിവ പ്രത്യേകാനുപാതത്തില്‍ കൂടിച്ചേര്‍ന്നാണ് ശരീരം ഉണ്ടാകുന്നതെന്ന് അവര്‍ സമര്‍ഥിച്ചു. ചതുര്‍ഭൂതങ്ങള്‍ ശിഥിലമാവുമ്പോള്‍ ശരീരം നശിക്കുന്നു. പ്രത്യക്ഷാനുഭവങ്ങളെ മാത്രമേ ലോകായതര്‍ അംഗീകരിച്ചിരുന്നുള്ളു. അതുകൊണ്ട് തെളിവുകളില്ലാത്ത അനുമാനങ്ങളെ അവര്‍ നിരാകരിച്ചു.
'ന സ്വര്‍ഗോ നാപവര്‍ഗോ വാ
നൈവാത്മാ പാരലൌകികഃ
നൈവ വര്‍ണാശ്രമാദീനാം
ക്രിയാശ്ച ഫലദായികാഃ'
സ്വര്‍ഗമില്ല; മോക്ഷമില്ല; പരലോക സംബന്ധിയായ ആത്മാവുമില്ല; ഫലപ്രദമായ വര്‍ണാശ്രമധര്‍മകര്‍മങ്ങളുമില്ല.
'അഗ്നിഹോത്രം ത്രയോവേദാ:
ത്രിദണ്ഡം ഭസ്മഗുണ്ഠനം
ബുദ്ധിപൗരുഷഹീനാനാം
ജീവികാ ധാതൃനിര്‍മിതാ'
അഗ്നിഹോത്രം, മൂന്ന് വേദങ്ങള്‍, സന്ന്യാസം, ഭസ്മംപൂശല്‍ ഇവയൊക്കെ ബുദ്ധിയും പൗരുഷവും കെട്ടവരുടെ വയറ്റുപിഴപ്പിന് ഉണ്ടാക്കിയവ മാത്രമാണ്, എന്നിങ്ങനെയുള്ള ബൃഹസ്പതിയുടെ വാദങ്ങള്‍ ശക്തവും രൂക്ഷവുമാണ്. നോ: ചാര്‍വാകദര്‍ശനം

സാംഖ്യം

ആസ്തിക ദര്‍ശനങ്ങളില്‍പ്പെട്ട സാംഖ്യത്തിന്റെ ഭൗതികോന്മുഖതയെ അംഗീകരിക്കാന്‍ യഥാസ്ഥിതിക പണ്ഡിതര്‍ക്ക് മടിയുണ്ടെങ്കിലും ഭൗതികവാദവീക്ഷണം സാംഖ്യത്തിലെ അവിഭാജ്യ സമീപനമാണ്. പ്രാചീനമായ ഈ ദര്‍ശനത്തിന്റെ ആദ്യകാല പ്രാമാണിക ഗ്രന്ഥങ്ങളൊന്നും ലഭ്യമല്ല. ക്രി.പി. രണ്ടാം ശതകത്തിലോ അഞ്ചാം ശതകത്തിലോ മറ്റോ രചിക്കപ്പെട്ട 73 കാരികകളുള്ള സാംഖ്യകാരികയാണ് ഒന്ന്. മുഖ്യ തത്ത്വങ്ങളുടെ ഒരു സംഗ്രഹീതരൂപംമാത്രമാണ് ഈ കൃതി. ഗൌഡപാദരും വാചസ്പതി മിശ്രനും ഇതിനു നല്കിയ വ്യാഖ്യാനങ്ങള്‍ ശ്രദ്ധേയമാണ്. സാംഖ്യസൂത്രം കപിലമുനി (ക്രി.മു. 6-ാം ശ.) രചിച്ചു എന്നു കരുതുന്നുവെങ്കിലും വേദാന്തത്തിന്റെ കലര്‍പ്പുകളുള്ള കൃതിക്കു 14-ാം ശതകത്തിനപ്പുറം പഴക്കമില്ലെന്നാണ് അനുമാനിക്കുന്നത്. ഈ കൃതിക്കു വിജ്ഞാനഭിക്ഷു എഴുതിയ ഭാഷ്യവും പ്രസിദ്ധമാണ്. സാംഖ്യകാരികയില്‍ ഈശ്വരനെപ്പറ്റി യാതൊന്നും പറയുന്നില്ല. പ്രകൃതി പരിണമിച്ചാണ് ഭൌതിക പ്രപഞ്ചം ഉണ്ടായതെന്ന് അവര്‍ സമര്‍ഥിക്കുന്നു. 61-ാം കാരികയുടെ വ്യാഖ്യാനത്തിലാണ് ഗൗഡപാദന്‍ സാംഖ്യനിരീശ്വരവാദ ചര്‍ച്ച അവതരിപ്പിക്കുന്നത്.
നിര്‍ഗുണനായ ഈശ്വരനില്‍നിന്ന് സഗുണങ്ങളായ ജീവപ്രപഞ്ചം ഉണ്ടാവില്ല. ത്രിഗുണാത്മക (ഭൌതിക) പ്രകൃതിയില്‍നിന്നേ ത്രിഗുണാത്മക പ്രപഞ്ചം ഉണ്ടാവുകയുള്ളൂ. വെള്ള നൂലുകളില്‍നിന്ന് വെള്ള വസ്ത്രവും, കറുത്ത നൂലുകളില്‍നിന്ന് കറുത്ത വസ്ത്രവുമുണ്ടാകുന്നതുപോലെയാണിത്. ഇതില്‍നിന്ന് ഈശ്വരനോ കാലമോ അല്ല, പ്രകൃതിയാണ് പ്രപഞ്ചകാരണമെന്ന് വ്യക്തമാകുന്നു. അതുകൊണ്ട് ഭൗതിക പ്രപഞ്ചകാരണമായി അഭൗതികനായ ഈശ്വരനെ കൊണ്ടുവരേണ്ട ആവശ്യമില്ല - എന്നിങ്ങനെയാണ് ഗൗഡപാദന്‍, സാംഖ്യനിരീശ്വരവാദം അവതരിപ്പിക്കുന്നത്; ദുര്‍ബലമായ ഈ വാദങ്ങളില്‍നിന്നും മുന്നോട്ടുപോകുന്നുണ്ട് വാചസ്പതിമിശ്രന്റെ ചിന്തകള്‍.
പ്രകൃതി, ലോകമായി പരിണമിക്കുന്നത് പരപ്രേരണകൂടാതെ സ്വാഭാവികമായാണെന്നാണ് അദ്ദേഹത്തിന്റെ വാദം. ബോധപൂര്‍വമായ എല്ലാ പ്രവൃത്തികളും സ്വാര്‍ഥം കൊണ്ടോ കാരുണ്യംകൊണ്ടോ ആണ് നടക്കുന്നത്. ലോകസൃഷ്ടിയില്‍ ഇത് രണ്ടുമില്ല. അതുകൊണ്ട് അത് ബോധപൂര്‍വുമല്ല.
ഈശ്വരന് സ്വാര്‍ഥമില്ല. സൃഷ്ടിക്കുമുന്‍പ് ശരീരവും ഇന്ദ്രിയങ്ങളുമില്ലാത്തതുകൊണ്ട് ദുഃഖങ്ങളുമില്ല. അതുകൊണ്ട് കാരുണ്യത്തിന്റെ ആവശ്യവുമില്ല. കാരുണ്യവാന്‍ സുഖികളെ മാത്രമേ സൃഷ്ടിക്കു. ഇങ്ങനെ നോക്കിയാല്‍ ഈശ്വരന്‍ അപ്രസക്തനാകുന്നുവെന്നാണ് സാംഖ്യദര്‍ശനത്തിന്റെ പക്ഷം.

ബൗദ്ധദര്‍ശനം

ധര്‍മത്തെക്കുറിച്ചുള്ള അന്വേഷണമാണ് ബൗദ്ധദര്‍ശനങ്ങളുടെ കാതല്‍. ജീവിതത്തിലെ എല്ലാറ്റിലും ശ്രീബുദ്ധന്‍ ദുഃഖം കണ്ടെത്തി. അതില്‍നിന്നുള്ള മോചന(നിര്‍വാണം)ത്തിനുവേണ്ടി നടത്തിയ അന്വേഷണമായിരുന്നു അദ്ദേഹത്തിന്റെ ദര്‍ശനങ്ങള്‍. സാംഖ്യവും, ബൗദ്ധദര്‍ശനങ്ങളുമായി അഭേദ്യമായ ബന്ധമുള്ളതായി പണ്ഡിതര്‍ നിരീക്ഷിച്ചിട്ടുണ്ട്. സത്യത്തിന്റെ സ്വഭാവത്തെയും, ലോകത്തിന്റെ ആത്യന്തിക കാരണത്തെയും കുറിച്ചുള്ള അന്വേഷണങ്ങള്‍ നിഷ്ഫലമാണെന്ന് ബുദ്ധന്‍ കരുതി. അതുകൊണ്ടുതന്നെ ഈശ്വരാസ്തിത്വത്തിന്റെ പ്രശ്നം അദ്ദേഹത്തെ അലട്ടിയിരുന്നില്ല. ഈശ്വരാന്വേഷണം പ്രയോജനരഹിതമാണെന്ന് കരുതിയതിനാല്‍ അത്തരം ചര്‍ച്ചകളെ ശിഷ്യര്‍ക്കിടയില്‍പ്പോലും പ്രോത്സാഹിപ്പിച്ചിരുന്നില്ല.
ദുരിതങ്ങള്‍ക്കറുതിവരുത്തുന്ന പ്രായോഗിക പ്രശ്നങ്ങളിലേക്കാണ് ബുദ്ധന്‍ തന്റെ ശിഷ്യരുടെ ശ്രദ്ധ ക്ഷണിച്ചത്. അദ്ദേഹം ആധ്യാത്മിക അന്വേഷണ പദ്ധതികളെ അംഗീകരിച്ചില്ലെന്നു മാത്രമല്ല, അവയോട് ഉദാസീനനുമായിരുന്നു. ബുദ്ധന്റെ ഉപദേശങ്ങളെ ശരിയായി ഉള്‍ക്കൊണ്ട അശ്വഘോഷന്‍, ഈശ്വരവിചാരം ബുദ്ധമതത്തില്‍ എന്തുകൊണ്ട് അര്‍ഥശൂന്യമാവുന്നുവെന്ന് തന്റെ കൃതിയായ ബുദ്ധചരിതത്തില്‍ വ്യക്തമാക്കുന്നുണ്ട്.
'ഐശ്വരം ചേദിദം വിശ്വം
ഭവേന്നേത്ഥം വ്യവസ്ഥിതം;
ദുഃഖൈര്‍നാഭിഭവേത് കശ്ചി-
ന്നാനായോനിംന സംവ്രജേത്'
ഈ ലോകം ഈശ്വരന്‍ സൃഷ്ടിച്ചതാണെങ്കില്‍ ഇത്തരം വ്യവസ്ഥകള്‍ നിലനില്ക്കുകയില്ല; ഒരാള്‍ക്കും ദുഃഖമുണ്ടാവുകയില്ല; പല ജന്മങ്ങളെ പ്രാപിക്കുകയുമില്ല.
'സങ്കല്‍പ്പേന വിനൈവേശഃ
കുരുതേ ചേദഹൈതുകം
ബാലവത് പരമേശസ്യ
നാധികാരഃ സ്വചേതസി'
സങ്കല്പമോ കാരണമോ കൂടാതെ ഈശ്വരന്‍ ലോകത്തെ നിര്‍മിക്കുകയാണെങ്കില്‍, ബാലനെപ്പോലെ ഈശ്വരനും ബുദ്ധിരഹിതനാവും.
ആദ്യകാല മഹായാന ബുദ്ധമതക്കാര്‍ ഈശ്വരനിഷേധികളായിരുന്നു. നാഗാര്‍ജുനന്റെ ചിന്തകള്‍ യുക്തിയുക്തം ഈശ്വരാസ്തിത്വത്തെ നിരാകരിക്കുന്നതായിരുന്നു; ഔപനിഷദികദര്‍ശനത്തിന്റെ 'സ്വ-ഭാവ'വാദം അഥവാ 'സത്താവാദ'ത്തെ നിരാകരിക്കാന്‍ വേണ്ടി, നാഗാര്‍ജുനന്‍ ആവിഷ്കരിച്ച, ശൂന്യതാവാദത്തില്‍ ദൈവാസ്തിത്വത്തിനു പ്രസക്തിയില്ല. 'ആത്യന്തികമായ കാരണം' എന്ന അര്‍ഥത്തില്‍ ദൈവത്തെ കരുതുന്ന വീക്ഷണത്തെ എതിര്‍ത്ത നാഗാര്‍ജുനന്‍, 'കാര്യ'ത്തില്‍ കാരണവും 'കാരണ'ത്തില്‍ 'കാര്യ'വും അന്തഃസ്ഥിതമാണെന്നും വസ്തു പ്രതിഭാസങ്ങളുടെ ആവിര്‍ഭാവവും നിലനില്പും പരസ്പര ബന്ധിതമാണെന്നും സിദ്ധാന്തിച്ചു.
ഈശ്വരാസ്തിത്വത്തെയും സത്താവാദത്തെയും ബുദ്ധന്‍ നിരാകരിക്കുകയും ധാര്‍മികതയ്ക്ക് പ്രാധാന്യം നല്‍കുന്ന ദര്‍ശനം ആവിഷ്കരിക്കുകയും ചെയ്തെങ്കിലും, പില്ക്കാലത്ത് ബുദ്ധമതം സ്ഥാപനവത്കരിക്കപ്പെടുകയും ജനപ്രീതിയാര്‍ജിക്കുകയും ചെയ്തതോടെ അനുഷ്ഠാനപരതയിലേക്കും ഈശ്വരവാദത്തിലേക്കും വ്യതിചലിക്കുകയാണുണ്ടായത്.

ജൈനദര്‍ശനം

ബുദ്ധമതത്തെക്കാള്‍ പ്രാചീനമായ ജൈനമതം ഈശ്വരാസ്തിത്വത്തെക്കുറിച്ച് തികഞ്ഞ ഉദാസീനത കാണിച്ചിരുന്നു. അവര്‍ പ്രപഞ്ചത്തിലെ സര്‍വ പദാര്‍ഥങ്ങളെയും ജീവനുള്ളവയെന്നും, ഇല്ലാത്തവയെന്നും രണ്ടായി വിഭജിക്കുന്നു. കാലം, ആകാശം, പുദ്ഗലം (ദ്രവ്യം), ധര്‍മം, അധര്‍മം എന്നിങ്ങനെ അഞ്ചായി അജീവ വസ്തുക്കളെ തരംതിരിക്കുന്നു. നന്മ, തിന്മ, അശുദ്ധം തുടങ്ങി ഏഴു ധര്‍മങ്ങളെക്കൂടി അവര്‍ പരിഗണിക്കുന്നു. ജീവനില്ലാത്തവയുമായി ജീവന്‍ എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നുവെന്നും ബന്ധനങ്ങളില്‍നിന്ന് എങ്ങനെ വിമുക്തമാവുന്നുവെന്നും വിശദീകരിക്കാനാണ് ഈ സങ്കല്പങ്ങള്‍ ഉപയോഗിച്ചിരുന്നത്. ഈ ഘട്ടത്തില്‍ ഒരിടത്തും അവര്‍ ഈശ്വരനെ സങ്കല്പിച്ചിട്ടില്ല. ഈശ്വരവാദത്തെ അഭിമുഖീകരിച്ചപ്പോഴൊക്കെയും അവര്‍ നിരീശ്വരവാദപക്ഷത്ത് ഉറച്ചുനിന്നു. ദാര്‍ശനികമായി കരുത്തുറ്റ ഉജ്ജ്വല താര്‍ക്കികരായിരുന്നു ജൈനമത പണ്ഡിതര്‍.
എട്ടാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ജൈന സാഹിത്യകാരനായ ഹരിഭദ്രന്റെ സദ്ദര്‍ശന സമുച്ചയത്തിന് ഗുണരത്നന്‍ എഴുതിയ ഭാഷ്യമായ തര്‍ക്ക രഹസ്യദീപിക പില്ക്കാല ന്യായവൈശേഷികരുടെ ഈശ്വരവാദത്തെ നിരാകരിക്കുന്നു. ലോകം നിത്യമാണ്; അതുകൊണ്ട് അതില്‍ 'കാര്യ'മില്ല. ചിലപ്പോള്‍ സംഭവിക്കുന്നതും സംഭവിക്കാത്തുമാണ് കാര്യം. ലോകത്തിന് ഈ സ്വഭാവമില്ല. അതുകൊണ്ട് ഇതിന് കാരണവുമില്ല. കാരണമില്ലാത്തതുകൊണ്ട് ഈശ്വരനുമില്ല എന്ന് ഗുണരത്നന്‍ വാദിക്കുന്നു. ഈശ്വരന്‍ സര്‍വജ്ഞനാണെങ്കില്‍തന്നെ നശിപ്പിക്കാന്‍ ശ്രമിക്കുന്ന അസുരന്മാരെ സൃഷ്ടിച്ചതെന്തിന്? ഈശ്വരാസ്തിത്വം തന്നെ നിഷേധിക്കുന്ന നിരീശ്വരവാദികളെ സൃഷ്ടിച്ചതെന്തിന്? എന്നിങ്ങനെ പരിഹസിക്കുകയും ചെയ്യുന്നു.

മീമാംസാദര്‍ശനം

വേദങ്ങളെ പ്രമാണമായി അംഗീകരിക്കുന്ന മീമാംസകര്‍ പലരും നിരീശ്വരവാദപരമായ വീക്ഷണങ്ങളാണ് വച്ചുപുലര്‍ത്തിയിരുന്നത്. ബി.സി. രണ്ടാം ശതകത്തില്‍ രചിക്കപ്പെട്ട, ജൈമിനിയുടെ മീമാംസാസൂത്രങ്ങളാണ് മീമാംസയുടെ അടിസ്ഥാനഗ്രന്ഥം. ഇതിന് പ്രഭാകരനും കുമാരിലഭട്ടനും നല്കിയ വ്യാഖ്യാനങ്ങള്‍ പ്രാഭാകരം, ഭാട്ടം എന്നീ രണ്ടു പ്രസ്ഥാനങ്ങള്‍ക്ക് രൂപം നല്കി.
ജൈമിനി സ്പഷ്ടമായി ഈശ്വരാസ്തിത്വം നിഷേധിക്കുന്നില്ലെങ്കിലും ധര്‍മലക്ഷണസൂത്രം ഈശ്വരനിരാകരണത്തിന്റെ വിത്തുകള്‍ പേറുന്നുവെന്ന് മീമാംസാപണ്ഡിതന്‍ എ. സുബ്രഹ്മണ്യശാസ്ത്രി ചൂണ്ടിക്കാട്ടുന്നു. പ്രഭാകരന്‍ സംശയരഹിതമായി തന്റെ നിരീശ്വരവാദ ആഭിമുഖ്യം വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ കുമാരിലഭട്ടന്‍ ഈശ്വരവാദത്തിന്റെ നിഗൂഢാനുയായിയാണെന്ന് ഡോ. രാധാകൃഷ്ണന്‍ വാദിക്കുന്നുവെങ്കിലും അതില്‍ അടിസ്ഥാനമില്ലെന്ന് ദേബീപ്രസാദ് സമര്‍ഥിക്കുന്നു. എന്നാല്‍, വേദപ്രമാണത്തെ അരക്കിട്ടുറപ്പിക്കുന്നതിനും 'യജ്ഞ' സംസ്കാരത്തിന്റെ അപ്രമാദിത്വം സ്ഥാപിക്കുന്നതിനുമാണ് പൂര്‍വമീമാംസകര്‍ ഈശ്വരനിഷേധത്തെ ഉപയോഗിച്ചത്.
പ്രകൃതിപ്രതിഭാസങ്ങള്‍ ഉള്‍പ്പെടെ എല്ലായിടത്തും അടിസ്ഥാനം 'യജ്ഞ'മാണെന്നു വാദിച്ച കുമാരിലഭട്ടന്‍, ഒരര്‍ഥത്തില്‍ ദൈവത്തിന്റെ സ്ഥാനത്ത് 'യജ്ഞ'ത്തെ സ്ഥാപിക്കുകയാണ് ചെയ്തത്. ആസ്തികദര്‍ശനങ്ങളുടെ 'ദൈവം' പോലും 'യജ്ഞ'ത്തിനു വിധേയമാണെന്ന് കുമാരിലഭട്ടന്‍ സിദ്ധാന്തിച്ചു. അതിനാല്‍, കുമാരിലഭട്ടന്‍ ഉള്‍പ്പെടെയുള്ള പൂര്‍വമീമാംസകരുടെ ഈശ്വരനിഷേധത്തെ ദാര്‍ശനികമായ അര്‍ഥത്തില്‍ നിരീശ്വരവാദമെന്ന് നിര്‍വചിക്കാനാവില്ല.
എന്നാല്‍ പില്ക്കാല മീമാംസകരില്‍ പലരും ഈശ്വരാസ്തിത്വത്തെ അംഗീകരിക്കുന്നവരായിരുന്നു.

പ്രാരംഭ ന്യായ-വൈശേഷികം

ന്യായ-വൈശേഷികരുടെ ആദ്യകാല വക്താക്കള്‍ നിരീശ്വരവാദികളായിരുന്നു. ഗൗതമന്റെ ന്യായസൂത്രങ്ങള്‍, കണാദന്റെ വൈശേഷിക സൂത്രങ്ങള്‍ എന്നിവയാണ് ന്യായ-വൈശേഷിക ദര്‍ശനങ്ങളുടെ അടിസ്ഥാന ഗ്രന്ഥങ്ങള്‍. ന്യായദര്‍ശനം തര്‍ക്കശാസ്ത്രത്തിനും വൈശേഷിക ദര്‍ശനം അണുസിദ്ധാന്തത്തിനും ഊന്നല്‍ നല്കി.
പില്ക്കാല ന്യായ-വൈശേഷികനായ ഉദയനന്‍ സ്തുതിക്കുന്ന പരമാത്മാവിനെപ്പറ്റി ന്യായസൂത്രത്തില്‍ പരമാര്‍ശങ്ങളില്ല. അദ്ദേഹത്തിന്റെ കുസുമാഞ്ജലിയില്‍ മോക്ഷപ്രാപ്തിക്ക് ഈശ്വരാരാധനയെ ലക്ഷ്യമാക്കുന്നുവെങ്കില്‍ ഗൌതമന്‍ ഒരിടത്തും ഈശ്വരാരാധനയെപ്പറ്റി പരമാര്‍ശിക്കുന്നില്ല.
പില്ക്കാല ന്യായ-വൈശേഷികരുടെ വ്യാഖ്യാനങ്ങള്‍ അടിസ്ഥാനഗ്രന്ഥങ്ങളില്‍നിന്നുള്ള വ്യതിയാനങ്ങളായിരുന്നു. പരമാണുക്കള്‍ കൂടിച്ചേര്‍ന്നാണ് പ്രപഞ്ചത്തിലെ സകല വസ്തുക്കളും ഉണ്ടാകുന്നതെന്ന് വാദിച്ച കണാദന്റെ ആശയങ്ങളുടെ തുടര്‍ച്ച വൈശേഷികരില്‍ കണ്ടെത്താനാവും. രണ്ടു പരമാണുക്കള്‍ കൂടിച്ചേരുന്നത് സ്വാഭാവികമായാണെന്ന് ധരിച്ച അവര്‍ സ്വഭാവവാദത്തെ പിന്‍പറ്റിയിരുന്നു. പില്ക്കാലത്താണ് അവരുടെ വാദങ്ങള്‍ ഈശ്വരനിലേക്ക് വഴുതി മാറിയത്.
ഇന്ത്യന്‍ ദാര്‍ശനികരില്‍ ഒരു വലിയ വിഭാഗം നിരീശ്വരവാദികളായിരിക്കെത്തന്നെ വിഭിന്നങ്ങളും പരസ്പരവിരുദ്ധവുമായ പ്രപഞ്ച വീക്ഷണങ്ങള്‍ വച്ചുപുലര്‍ത്തിയവരുമായിരുന്നു. അവയില്‍ പലതും തികഞ്ഞ ആശയവാദങ്ങള്‍കൂടിയായിരുന്നു. പ്രപഞ്ചത്തെക്കുറിച്ചുള്ള അന്വേഷണങ്ങളില്‍ ധീരവും ശക്തവുമായ സ്ഥാനം ഈ ദര്‍ശനങ്ങള്‍ക്കുണ്ട്.

നിരീശ്വരവാദം യൂറോപ്പില്‍

യൂറോപ്പില്‍ നിരീശ്വരവാദം എന്നവാക്ക് വൈവിധ്യമാര്‍ന്ന അര്‍ഥത്തില്‍ ഉപയോഗിച്ചിരുന്നു. പൗരാണിക ഗ്രീസില്‍ മതത്തെയും ദൈവത്തെയും നിരാകരിച്ചവരെ നിരീശ്വരവാദികള്‍ എന്നാണ് വിളിച്ചിരുന്നത്. ഭരണകൂടത്തിന്റെ ഔദ്യോഗിക ദൈവത്തില്‍ വിശ്വസിക്കാത്തവരെ സൂചിപ്പിക്കാന്‍ സോക്രട്ടീസിനെപ്പോലുള്ളവര്‍ നിരീശ്വരവാദികള്‍ എന്ന പദം ഉപയോഗിച്ചിരുന്നു. പേഗനിസ്റ്റുകളെ സൂചിപ്പിക്കാന്‍ ക്രൈസ്തവ പൗരോഹിത്യം ഈ വാക്കാണ് ഉപയോഗിച്ചിരുന്നത്.
സോക്രട്ടീസിനു മുമ്പ് ജീവിച്ചിരുന്ന തത്ത്വചിന്തകനായ ഡെമോക്രിറ്റസ് (460-370 ബി.സി.) തികഞ്ഞ നിര്‍ണയന വാദിയും ഭൗതികവാദിയുമായിരുന്നു. പരമാണുക്കളാല്‍ നിര്‍മിതമായ പ്രപഞ്ചവസ്തുക്കള്‍ എന്ന ആശയം അദ്ദേഹം സ്വീകരിക്കുന്നത് ല്യുസിപ്പസില്‍നിന്നാണ്. അവിഭജിതവും, നശിപ്പിക്കാനാവാത്തതും, എപ്പോഴും ചലിച്ചുകൊണ്ടിരിക്കുന്നതുമായ ആറ്റങ്ങളാല്‍ നിര്‍മിതമാണ് വസ്തുപ്രപഞ്ചം എന്നതായിരുന്നു ഇദ്ദേഹത്തിന്റെ വാദം.
Image:epicurus_bust21.png Image:DemocritusNaples.png
പുരാതന ഗ്രീക്കു ചിന്തകനായ എപിക്യൂറസിന്റെ (341-270 ബി.സി.) ചിന്തകള്‍ ഭൗതികവാദത്തെ പിന്‍പറ്റുന്നതായിരുന്നു. എപിക്യൂറിയനിസ്റ്റുകള്‍ ദൈവം ഉണ്ടെന്ന് വിശ്വസിച്ചിരുന്നു. എന്നാല്‍ അവരുടെ അഭിപ്രായത്തില്‍ പ്രപഞ്ചത്തിലെ എല്ലാ വസ്തുക്കളെയുംപോലെ ആറ്റങ്ങള്‍കൊണ്ട് നിര്‍മിതമായിരുന്നു ദൈവവും. ഭൂമിയില്‍നിന്ന് ഒരുപാട് അകലെയാണ് ദൈവം. മനുഷ്യജീവിതത്തില്‍ ദൈവത്തിന് താത്പര്യങ്ങളൊന്നുമില്ല. ദൈവം ആര്‍ക്കും പുരസ്കാരങ്ങള്‍ നല്കില്ല; ശിക്ഷിക്കുകയുമില്ല. അതുകൊണ്ടുതന്നെ പ്രാര്‍ഥനയുടെ ആവശ്യവുമില്ല. ദൈവം പ്രപഞ്ച സ്രഷ്ടാവല്ല. പ്രപഞ്ചം അനന്തവും അനശ്വരവുമാണ്.
Image:Lucretius.png Image:Huxley.png
പ്രപഞ്ചചലനം ദൈവേച്ഛയനുസരിച്ച് നടക്കുന്നതല്ലെന്ന് എപിക്യൂറിയനിസ്റ്റുകള്‍ കരുതി. റോമന്‍ കവിയും തത്ത്വചിന്തകനുമായ ലുക്രീറ്റിയസ് (99-55 ബി.സി.) ഇത്തരം ആശയങ്ങള്‍ പുലര്‍ത്തിയിരുന്നു. ഭയത്തില്‍നിന്നും, വേദനകളില്‍നിന്നും മോചനം നേടി ഏറ്റവും നല്ല സന്തോഷത്തെ അന്വേഷിക്കുകയാണ് നന്മയെന്ന് എപിക്യൂറിയനിസ്റ്റുകള്‍ കരുതി. മരണം ശരീരത്തിന്റെയും ആത്മാവിന്റെയും അവസാനമാണ്, അതുകൊണ്ട് ഭയത്തിന്റെ ആവശ്യമില്ലെന്നവര്‍ വാദിച്ചു.
ബി.സി. മൂന്നാം നൂറ്റാണ്ടിലെ സ്റ്റോയിക്കുകളും ഭൗതികവാദികള്‍ തന്നെയായിരുന്നു. പ്രകൃതിയും ദൈവവും ഒന്നാണെന്ന് വാദിച്ചവരായിരുന്നു പാന്‍തീയിസ്റ്റുകള്‍. മനുഷ്യരൂപത്തിലുള്ളതും സൃഷ്ടികര്‍ത്താവുമായ ദൈവത്തില്‍ അവര്‍ക്ക് വിശ്വാസമുണ്ടായിരുന്നില്ല. പ്രാചീന ഇന്ത്യയെപ്പോലെ ഭൗതികവാദ ആശയങ്ങള്‍ പ്രാചീന റോമിലും ഗ്രീസിലും മറ്റും നിലനിന്നിരുന്നു എന്നതിന്റെ തെളിവുകളാണിത്. എന്നാല്‍ ഇരുണ്ട കാലഘട്ടം എന്നു വിളിക്കപ്പെടുന്ന മധ്യകാലയൂറോപ്പില്‍ ഗ്രീക്കു ഭൗതികവാദ സമീപനങ്ങള്‍ ക്രൈസ്തവ പൗരോഹിത്യത്താല്‍ അടിച്ചമര്‍ത്തപ്പെട്ടു. സ്വച്ഛന്ദചിന്തയെ ഇല്ലാതാക്കിക്കൊണ്ട് കടന്നുപോയ ഈ കാലഘട്ടം യൂറോപ്യന്‍ നവോത്ഥാന ചിന്തയോടെയാണ് ചോദ്യംചെയ്യപ്പെട്ടുതുടങ്ങിയത്. പ്രാചീന ഗ്രീക്കു ഭൌതികവാദചിന്തകളെ പുനരന്വേഷണങ്ങള്‍ക്ക് വിധേയമാക്കിക്കൊണ്ട് ആധുനിക യൂറോപ്പ് ശാസ്ത്രചിന്തയുടെ അടിത്തറ കെട്ടിപ്പടുക്കുകയായിരുന്നു.

ആധുനിക നിരീശ്വരവാദം

യൂറോപ്യന്‍ നവോത്ഥാനകാലത്ത് ഹ്യൂമനിസ്റ്റുകളുടെ ചിന്തയും പ്രവര്‍ത്തനങ്ങളുമാണ് നിരീശ്വരവാദ സമീപനങ്ങള്‍ക്ക് പ്രേരകശക്തിയായി മാറിയത്. അവര്‍ യുക്തിചിന്തയില്‍ അടിയുറച്ച് ജനാധിപത്യത്തിനും, സ്വതന്ത്രചിന്തയ്ക്കുംവേണ്ടി വാദിച്ചു. പൊതു രാഷ്ട്രീയ ജീവിതത്തില്‍ മതത്തിന്റെ ഇടപെടലുകളെ നിശിതമായി എതിര്‍ത്തവരായിരുന്നു മതേതര ഹ്യൂമനിസ്റ്റുകള്‍. മറ്റുചിലര്‍ പ്രകൃത്യതീത വാദങ്ങളെ തള്ളിക്കളയുകയും ശാസ്ത്രീയ ധാരണകള്‍ വച്ചു പുലര്‍ത്തുകയും ചെയ്തു. ഹ്യൂമനിസ്റ്റുകളുടെ ചിന്താലോകം പില്ക്കാല നിരീശ്വരവാദത്തിനും ശാസ്ത്രചിന്തയ്ക്കും അടിത്തറ പാകുകയായിരുന്നു.
Image:David Hume-.png Image:Thomas Paine.png
നിരീശ്വരവാദത്തെ നാലായി തരംതിരിക്കാവുന്നതാണ്.
1. ദൈവാസ്തിത്വം പൂര്‍ണമായി നിഷേധിക്കുന്ന ഭൗതിക വാദികളാണ് ആദ്യവിഭാഗത്തില്‍പ്പെടുന്നവര്‍. അവര്‍ അതിഭൗതികാശയങ്ങളെ നിരാകരിക്കുകയും ദ്രവ്യത്തെ അടിസ്ഥാനമായി സ്വീകരിക്കുകയും ചെയ്യുന്നു. എപിക്യൂറിയന്‍സ് മുതല്‍ മാര്‍ക്സ് വരെയുള്ളവര്‍ ഇതില്‍ ഉള്‍പ്പെടുന്നു.
2. ദൈവികാസ്തിത്വത്തിന് തൃപ്തികരമായ തെളിവുകളൊന്നും ലഭ്യമല്ലെന്ന് വാദിച്ചവരായിരുന്നു രണ്ടാമത്തെ കൂട്ടര്‍. ടി.എച്ച് ഹക്സ്ലിയുടെ നിലപാടുകള്‍ ഇത്തരത്തിലുള്ളതായിരുന്നു. ദൈവമെന്ന ആശയത്തെ നിരാകരിച്ചെങ്കിലേ നിരീശ്വരവാദികളാവൂ, എന്നായിരുന്നു അവരുടെ വാദം. അജ്ഞേയവാദികളായ ഇവരുടെ നിലപാടുകളും വിശാലാര്‍ഥത്തില്‍ നിരീശ്വരവാദപരമായിരുന്നു.
3. പ്രകൃതി പ്രതിഭാസങ്ങളാണ് സത്യമെന്ന് വിശ്വസിച്ചവരാണ് മറ്റൊരു വിഭാഗം. അവര്‍ ക്രൈസ്തവ വിശ്വാസത്തെ നിരാകരിച്ചു. മനുഷ്യരൂപത്തിലുള്ള ദൈവത്തെയും, പ്രപഞ്ച സ്രഷ്ടാവെന്ന ദൈവത്തിന്റെ സ്ഥാനത്തെയും തള്ളിക്കളയുന്നവരായിരുന്നു അവര്‍. ഡേവിഡ് ഹ്യൂം ഇതിന്റെ വക്താക്കളില്‍ ഒരാളായിരുന്നു.
4. മതാധികാരികളുടെ യാഥാസ്ഥിതികത്വത്തിനും മനുഷ്യത്വരഹിതമായ പ്രവര്‍ത്തനങ്ങള്‍ക്കുമെതിരെ പ്രതികരിച്ചവരാണ് അവസാന ഗണത്തില്‍പ്പെടുന്നവര്‍. വെളിപാടില്‍ ഊന്നിയ മതാധികാരം അവര്‍ക്ക് അസ്വീകാര്യമായിരുന്നു. യുക്തിവാദികളും പരിഷ്കര്‍ത്താക്കളുമായിരുന്നു അവര്‍. ചാള്‍സ് ബ്രദ്ലഹ്, തോമസ് പയ്നെ, ബെര്‍ട്രാന്‍ഡ് റസ്സല്‍ തുടങ്ങിയവര്‍ ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്നു.
Image:DeMorgan.png Image:Meslier j.png
Image:Lemaitre.png Image:Feuerbach Ludwig.png
ജ്ഞാനോദയത്തോടെ ശാസ്ത്രത്തിന്റെ രീതിശാസ്ത്രം വികസിക്കുകയും ക്രമേണ മതാധികാരത്തിനുമേല്‍ സ്വതന്ത്ര യുക്തിചിന്ത ആധിപത്യം നേടുകയും ചെയ്തു. ഇത് നിരീശ്വരവാദത്തെ തത്ത്വചിന്തയിലും, പ്രയോഗത്തിലും ഏറെ മുന്നോട്ടുകൊണ്ടുപോകുകയും ചെയ്തു. പതിനെട്ടാം നൂറ്റാണ്ടിലെ ഫ്രഞ്ച് ഭൗതിക വാദികളായ ജെ. മെസ്ലിയര്‍, പി. ഹോള്‍ബക്, ജെ.നെയ്ജിയോണ്‍, ഡി. സിഡെറോ, സി.ഹെല്‍വിത്തസ്, ജെ. ല മെത്രി തുടങ്ങിയവര്‍ നിരീശ്വരവാദത്തിന്റെ വക്താക്കളായിരുന്നു. എന്നാല്‍ ഇവര്‍ മതവിശ്വാസത്തെ ചരിത്രപരമായി പരിശോധിക്കുന്നതില്‍ പരാജയപ്പെട്ടു എന്ന് മാര്‍ക്സിസ്റ്റ് ചിന്തകര്‍ വിലയിരുത്തുന്നു.
പത്തൊന്‍പതാം ശതകത്തില്‍ ജീവിച്ച ഫോയര്‍ബാഹ് മതത്തെയും ആശയവാദത്തെയും എതിര്‍ത്ത ചിന്തകനായിരുന്നു. മനുഷ്യവികാരങ്ങളും കാമനകളും ഭാവനകളായി മാറി ദൈവത്തില്‍ ആരോപിക്കപ്പെടുകയാണെന്ന് അദ്ദേഹം കരുതി. ദൈവത്തിന് മനുഷ്യരെക്കാള്‍ വലുതായ യാതൊരു കഴിവുകളുമില്ല. മനുഷ്യന്റെ ആന്തരിക സ്വഭാവത്തെ പുറത്തേക്ക് പ്രകടിപ്പിക്കുന്നതാണ് ദൈവസങ്കല്പം. മതം മനുഷ്യനെ പരിശുദ്ധനാക്കുന്നില്ല. പരിശുദ്ധത, മതത്തില്‍ ആരോപിക്കപ്പെടുകയാണ് ചെയ്യുന്നത്. ദൈവവുമായുള്ള ബന്ധം കൊണ്ട് പ്രതിഭാസങ്ങള്‍ പരിശുദ്ധമാവില്ല. ഗുണങ്ങള്‍ സ്വയം പരിശുദ്ധമാണെങ്കില്‍ ദൈവവും പരിശുദ്ധമാവും. ഇങ്ങനെ പോകുന്നു അദ്ദേഹത്തിന്റെ വാദമുഖങ്ങള്‍.
Image:Karl_Marx_001.png Image:engels_big.png
Image:Lenin.png Image:Darwin.png
Image:Nietzsche187a.png Image:Sigmund Freud.png
Image:eintstein.png Image:Joseph-mccabe.png
കാള്‍മാര്‍ക്സും എംഗല്‍സും ചേര്‍ന്ന് വികസിപ്പിച്ച ചരിത്രപരമായ ഭൗതികവാദ ദര്‍ശനം അതിഭൗതിക ആശയവാദ സമീപനങ്ങളെ നിരാകരിച്ചുകൊണ്ട് ഒരു പടികൂടി മുന്നോട്ടുപോയി. മതത്തെ ഒരു സാമൂഹിക പ്രതിഭാസമായികാണുകയും, സാമൂഹിക യാഥാര്‍ഥ്യത്തിന്റെ, ഭാവനാത്മകമായ പ്രതികരണമായി അതിനെ മനസ്സിലാക്കാന്‍ ശ്രമിക്കുകയും ചെയ്തു.
"മതപരമായ ദുരിതം ഒരേ സമയം യഥാര്‍ഥ ദുരിതത്തിന്റെ പ്രകടനവും യഥാര്‍ഥ ദുരിതത്തോടുള്ള പ്രതിഷേധവുമാണ്. അത് മര്‍ദിതരുടെ നെടുവീര്‍പ്പാണ്, ഹൃദയ ശൂന്യമായ ലോകത്തിന്റെ ഹൃദയമാണ്. ആത്മാവില്ലാത്ത വ്യവസ്ഥയുടെ ആത്മാവാണ്. ജനതയെ മയക്കുന്ന കറുപ്പാണ്. ഇത് മാര്‍ക്സിന്റെ ഏറെ പ്രസിദ്ധമായ വാചകങ്ങളാണ്; അതുപോലെതന്നെ തെറ്റിദ്ധരിക്കപ്പെട്ടതും. ഉത്പാദന ബന്ധങ്ങളിലെ മാറ്റങ്ങളിലൂടെയേ മതത്തെ മറികടക്കാനാവൂ എന്ന് അദ്ദേഹം വിശ്വസിച്ചു.
1917-ലെ സോവിയറ്റ് വിപ്ലവത്തോടെ നിരീശ്വരവാദം ആദ്യമായി സ്റ്റേറ്റിന്റെ രാഷ്ട്രീയ വ്യവസ്ഥയുടെ ഭാഗമായി മാറി. ലെനിന്‍ അതിനെ ശാസ്ത്രീയ നിരീശ്വരവാദം എന്ന നിലയില്‍ വികസിപ്പിച്ചു. എന്നാല്‍ യാന്ത്രികമായ വിലയിരുത്തലുകളും അന്ധമായ പ്രയോഗങ്ങളും ജനതയുടെ സാംസ്കാരിക ജീവിതത്തിനുമേലുള്ള കടന്നുകയറ്റമായി മാറി. മതവിശ്വാസങ്ങള്‍ അടിച്ചമര്‍ത്തപ്പെട്ടു. സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയോടെ മതവിശ്വാസങ്ങള്‍ പുനരുദ്ധരിക്കപ്പെടുകയാണുണ്ടായത്.
പത്തൊന്‍പതാം ശതകത്തിലെ നിരീശ്വരവാദം ശാസ്ത്രത്തിന്റെ വികാസവുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. പ്രപഞ്ചോത്പത്തിയെയും ജീവിവര്‍ഗ പരിണാമത്തെയും കുറിച്ച് പുതിയ വിവരങ്ങള്‍ ഉദയം ചെയ്തതോടെ ദൈവത്തിന്റെ നിലനില്പ് കൂടുതല്‍ ശക്തമായി ചോദ്യംചെയ്യപ്പെട്ടു. ഡാര്‍വിന്റെ ജീവിവര്‍ഗങ്ങളുടെ ഉദ്ഭവമെന്ന കൃതി ദൈവത്തിന്റെ സൃഷ്ടിയെ തള്ളിക്കളഞ്ഞു. ഇ.പി. ഹെയ്ക്കല്‍ ഏക പ്രപഞ്ചശാസ്ത്രവാദം മുന്നോട്ടുവയ്ക്കുകയും സംഘടിതമായി മതത്തിനെതിരെ പ്രവര്‍ത്തിക്കുകയും ചെയ്തു. പ്രപഞ്ചത്തിലെ നിഗൂഢസത്യങ്ങളിലെ പ്രകൃതി നിയമങ്ങള്‍ ഒന്നൊന്നായി വെളിപ്പെടുത്തുന്ന ശാസ്ത്രാന്വേഷണങ്ങളുടെ ഉറച്ച ചുവടുവയ്പ് ദൈവത്തെ പ്രപഞ്ച വിജ്ഞാനത്തില്‍നിന്ന് നിഷ്കാസനം ചെയ്തു.
പത്തൊന്‍പതാം ശതകത്തിന്റെ അവസാനം, 'ദൈവം മരിച്ചു' എന്നു പ്രഖ്യാപിച്ച ഫ്രെഡറിക് നീഷെ തന്റെ ചിന്താവിപ്ളവം തുറന്നു വിട്ടു. ഹൈഡെഗര്‍, സാര്‍ത്രെ, കാമു തുടങ്ങിയവരാണ് ഇരുപതാം ശതകത്തില്‍ മതത്തിനെതിരായി നിരീശ്വര അസ്തിത്വവാദ ദര്‍ശനം മുന്നോട്ടുവച്ചത്. ഫ്രോയ്ഡിന്റെ മനോവിശകലന പദ്ധതികളും മതചിന്തയുടെ മുനയൊടിക്കുന്നതായി മാറി. റസ്സലിന്റെ യുക്തിവാദചിന്തകള്‍ ക്രൈസ്തവതയെ പിടിച്ചുകുലുക്കി. അദ്ദേഹത്തിന്റെ ഞാനെന്തുകൊണ്ടൊരു ക്രിസ്ത്യാനിയല്ല എന്ന പുസ്തകം ലോകമെമ്പാടുമുള്ള നിരീശ്വരവാദികള്‍ക്ക് ഊര്‍ജം പകര്‍ന്നു. പില്ക്കാലത്ത് നിരീശ്വരവാദിയായി മാറിയ കത്തോലിക്ക പുരോഹിതന്‍ ജോസഫ് മക്ബെയുടെ രചനകളും ഇത്തരത്തില്‍ ശ്രദ്ധേയമാണ്.
ഐന്‍സ്റ്റൈന്‍ന്റെ കണ്ടെത്തലുകള്‍, ജ്യോതിശ്ശാസ്ത്രരംഗത്ത് ശാസ്ത്രം കൈവരിച്ച അപൂര്‍വമായ നേട്ടങ്ങള്‍, ജനിതക ഗവേഷണത്തിലെ മുന്നേറ്റങ്ങള്‍, പരിണാമ സിദ്ധാന്തത്തിലെ പുതിയ കണ്ടെത്തലുകള്‍ തുടങ്ങി ശാസ്ത്രത്തിന്റെ കുതിച്ചുചാട്ടം ഈശ്വരാസ്തിത്വത്തെ പാടെ ഇല്ലാതാക്കുന്നതായിരുന്നു. റിച്ചാര്‍ഡ് ഡോക്കിന്‍സിനെപ്പോലുള്ള നവഡാര്‍വിനിസ്റ്റുകള്‍ അതിശക്തമായിത്തന്നെ മതത്തെയും ദൈവത്തെയും നിരാകരിക്കുന്നു. ശാസ്ത്രത്തിലും ചിന്തയിലും ഇത്തരം നേട്ടങ്ങള്‍ കൈവരിച്ചപ്പോഴും ജനതയുടെ സാമൂഹിക ജീവിതത്തിലും ഭാവനയിലും മതവും ദൈവവും ഒരു 'യാഥാര്‍ഥ്യ'മായി ഇന്നും തുടരുന്നു.

നിരീശ്വരവാദ സംഘടനകള്‍

പത്തൊന്‍പതാം ശതകത്തില്‍ത്തന്നെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിരീശ്വരവാദസംഘടനകള്‍ രൂപംകൊണ്ടിരുന്നു. അവയില്‍ ചിലവ യുക്തിക്ക് പ്രാധാന്യം കൊടുത്ത് മതത്തെ വിശകലനം ചെയ്ത യുക്തിവാദികളുടേതായിരുന്നു. മതേതരവാദികളും, പ്രകൃതിവാദികളുമൊക്കെയായി നിരീശ്വരവാദികളുടെ ഗണം വൈവിധ്യമാര്‍ന്നതാണ്. 1880-ല്‍ ലോകത്തിന്റെ പല ഭാഗങ്ങളിലെ നിരീശ്വരവാദികള്‍ ചേര്‍ന്ന് 'വേള്‍ഡ് അസോസിയേഷന്‍ ഒഫ് ഫ്രീ തിങ്കേഴ്സ്' സ്ഥാപിച്ചു.
Image:Richard Dawkins.png Image:Bhagat_Singh.png Image:C.v. Kunjuraman.png Image:at kovoor.png Image:edamaruku.png Image:Perior Ramaswamy Naikar copy.png Image:Mithavadi C Krishnan.png Image:Lakshmi.png
1941-ല്‍ അമേരിക്കന്‍ ഹ്യൂമനിസ്റ്റ് ഫൗണ്ടേഷനും തുടര്‍ന്ന്, ഇന്റര്‍ നാഷണല്‍ ഹ്യൂമനിസ്റ്റ് ആന്‍ഡ് എത്തിക്കല്‍ യൂണിയനും സ്ഥാപിതമായി. 1946-ല്‍ അമേരിക്കയില്‍ ആദ്യത്തെ എത്തിയിസ്റ്റ് റേഡിയോ പ്രക്ഷേപണം ആരംഭിച്ചു. എത്തിയിസ്റ്റ് അലയന്‍സ് ഇന്റര്‍ നാഷണല്‍, ദ ബ്രൈറ്റ് നെറ്റ്, യൂറോപ്യന്‍ ഹ്യൂമനിസ്റ്റ് ഫെഡറേഷന്‍, ഇന്റര്‍ നാഷണല്‍ ഹ്യൂമനിസ്റ്റ് എത്തിക്കല്‍ യൂണിയന്‍, ഇന്റര്‍ നാഷണല്‍ ലീഗ് ഒഫ് ഹ്യൂമാനിറ്റീസ്, ഇന്റര്‍ നാഷണല്‍ ലീഗ് ഒഫ് നോണ്‍ റിലിജിയസ് ആന്‍ഡ് എത്തിയ്സ്റ്റ്സ്, റാഷനലിസ്റ്റ് ഇന്റര്‍ നാഷണല്‍ തുടങ്ങിയ അന്താരാഷ്ട്രസംഘടനകള്‍ മതേതരത്വം, ജനാധിപത്യം, സമാധാനം, പ്രകൃത്യതീത ശക്തിയില്‍ വിശ്വസിക്കുന്നതിനെതിരായ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയ്ക്കുവേണ്ടി പ്രചാരണം നടത്തിവരുന്നു. ഇവ കൂടാതെ ലോകത്തിലെ വിവിധ രാജ്യങ്ങളിലും ഇത്തരം സംഘടനകള്‍ സജീവമാണ്. റിച്ചാര്‍ഡ് ഡോക്കിന്‍സ് ഫൗണ്ടേഷന്‍ ഫോര്‍ റീസണ്‍ ആന്‍ഡ് സയന്‍സ് എന്ന സംഘടന ശാസ്ത്രപ്രചാരണങ്ങള്‍ക്കും, മതേതര സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്കുംവേണ്ടി സഹായങ്ങള്‍ ചെയ്തുവരുന്നു.
ജാതിവിരുദ്ധ പ്രസ്ഥാനങ്ങളുടെയും സാമൂഹിക പരിഷ്കരണ ശ്രമങ്ങളുടെയും മറ്റും ഭാഗമായാണ് ആധുനിക ഇന്ത്യയില്‍ നിരീശ്വരവാദ ആശയങ്ങള്‍ ആദ്യമായി പ്രചരിപ്പിക്കപ്പെട്ടിട്ടുള്ളത്. പടിഞ്ഞാറന്‍ തത്ത്വചിന്തയുടെ സ്വാധീനവും നവീന മനുഷ്യനു വേണ്ടിയുള്ള അന്വേഷണങ്ങളും ഇന്ത്യന്‍ സാമൂഹിക പരിഷ്കര്‍ത്താക്കളില്‍ ഒരു വിഭാഗത്തെയും ചെറുവിഭാഗം സ്വാതന്ത്ര്യസമര പ്രവര്‍ത്തകരെയും നിരീശ്വരവാദത്തിലേക്ക് നയിച്ചു. ഭഗത്സിംഗ്, പെരിയോര്‍ ഇ.വി. രാമസ്വാമി നായ്ക്കര്‍, ജവാഹര്‍ലാല്‍ നെഹ്റു, സഹോദരന്‍ അയ്യപ്പന്‍ തുടങ്ങിയവര്‍ ഇക്കൂട്ടത്തില്‍ പ്രമുഖരായിരുന്നു. 'ജാതിവേണ്ട, മതംവേണ്ട, ദൈവം വേണ്ട' എന്ന് ആഹ്വാനം ചെയ്ത് സഹോദരന്‍ അയ്യപ്പന്‍ കേരളത്തില്‍ യുക്തിവാദത്തിന് അടിത്തറപാകി.
ഗോപരാജു രാമചന്ദ്രറാവു (ഗോറ) 1940-ല്‍ 'എതിയിസ്റ്റ് സെന്റര്‍' സ്ഥാപിച്ചു. 1972-ല്‍ ലോക നിരീശ്വരവാദസമ്മേളനവും സംഘടിപ്പിച്ചു. 1949-ല്‍ ഇന്ത്യന്‍ റാഷണലിസ്റ്റ് അസോസിയേഷന്‍ സ്ഥാപിതമായി. സനല്‍ ഇടമറുകിന്റെ നേതൃത്വത്തില്‍ റാഷണലിസ്റ്റ് ഇന്റര്‍നാഷണല്‍ എന്ന സംഘടനയും പ്രവര്‍ത്തിച്ചു വരുന്നു.
യുക്തിവാദപ്രസ്ഥാനത്തിന്റെ ജീവനാഡിയായിരുന്ന എ.ടി. കോവൂര്‍ ഇന്ത്യയിലൂടനീളം സഞ്ചരിച്ച് അന്ധവിശ്വാസങ്ങള്‍ക്കെതിരെ പ്രവര്‍ത്തനങ്ങള്‍ നടത്തി. ശ്രീലങ്കയും ഇദ്ദേഹത്തിന്റെ പ്രവര്‍ത്തന മേഖലയായിരുന്നു. സത്യസായി ബാബയെപ്പോലുള്ളവരുടെ അമാനുഷശക്തിയെ ചോദ്യംചെയ്യുകയും അത് തെളിയിക്കാന്‍ അവരെ വെല്ലുവിളിക്കുകയും ചെയ്തു. അത്തരമൊരു മുഖാമുഖത്തിന് സത്യസായിബാബയോട് നിരന്തരം ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം അതിന് തയ്യാറായില്ല. ഇന്ത്യയിലും കേരളത്തിലുമുള്ള യുക്തിവാദികള്‍ക്ക് നേതൃത്വം നല്‍കുകയായിരുന്നു അദ്ദേഹം.
Image:V.T. Bhattathiripadu.png Image:Pavanan .png Image:Krishnapilla Kuttipuzha.png Image:joseph MD.png Image:U Kalanadhan.png Image:Sugathan.png
സഹോദരനയ്യപ്പനോടെ കേരളത്തിലെ സാമൂഹിക പരിഷ്കരണ പ്രസ്ഥാനങ്ങളുടെ പുതിയ ഘട്ടം ആരംഭിക്കുകയായിരുന്നു. സി.വി. കുഞ്ഞിരാമന്‍, കെ. രാമവര്‍മ തമ്പാന്‍, സി. കൃഷ്ണന്‍, എം.സി. ജോസഫ്, കുറ്റിപ്പുഴ കൃഷ്ണപ്പിള്ള, ആര്‍. സുഗതന്‍, വി.ടി. ഭട്ടതിരിപ്പാട്, ഡോ. പി.പി. ആന്റണി (കുസുമം), എം.പി. വര്‍ക്കി തുടങ്ങിയവര്‍ ഈ ഘട്ടത്തിലെ പ്രമുഖരായിരുന്നു. ഇവര്‍ ഒന്നിച്ചല്ല പ്രവര്‍ത്തിച്ചിരുന്നത്. മാത്രമല്ല ഇവരുടെ ആശയങ്ങള്‍ യാഥാസ്ഥിതിക വിഭാഗങ്ങള്‍ക്ക് അസ്വീകാര്യവുമായിരുന്നു. 1917-ല്‍ സഹോദരസംഘം രൂപീകരിക്കുകയും മിശ്രഭോജനം പ്രോത്സാഹിപ്പിക്കുകയും ചെയ്തു. സഹോദരന്‍ പത്രത്തിലൂടെ വിപ്ലവകരമായ ചിന്താഗതികള്‍ പ്രസിദ്ധീകരിക്കപ്പെട്ടു. ആദ്യം പുറത്തുവന്ന യുക്തിവാദിലേഖനം എം.പി. വര്‍ക്കിയുടെ 'യഥാര്‍ഥ ക്രിസ്തു'വായിരുന്നു. സഹോദരനിലാണ് അത് അച്ചടിച്ചുവന്നത്. അമേരിക്കന്‍ യുക്തിവാദിയായ ഇംഗര്‍സോളിന്റെ ജീവചരിത്രവും ലേഖനങ്ങളും ഇതില്‍ പ്രസിദ്ധീകൃതമായി. കുറ്റിപ്പുഴ കൃഷ്ണപിള്ളയുടെ എഴുത്തുകള്‍ യുക്തിവാദദര്‍ശനങ്ങള്‍ക്ക് താത്ത്വികാടിത്തറ നല്കുന്നവയായിരുന്നു. അദ്ദേഹത്തിനു മുന്‍പും ശേഷവും അത്രയും ശക്തമായി വാദമുഖങ്ങള്‍ അവതരിപ്പിച്ച യുക്തിവാദികള്‍ ഇല്ലെന്നുതന്നെ പറയാം.
കേരളത്തിലെ പ്രമുഖ യുക്തിവാദികള്‍ കോഴിക്കോട്ട്, മിതവാദി പത്രാധിപര്‍ സി. കൃഷ്ണന്റെ വീട്ടില്‍ സമ്മേളിച്ചു. ഇതായിരുന്നു കേരളത്തിലെ യുക്തിവാദികളുടെ ആദ്യസമ്മേളനം. യുക്തിവാദി എന്ന ഒരു മാസിക പ്രസിദ്ധീകരിക്കാന്‍ ഈ യോഗം തീരുമാനിച്ചു. 1929-ല്‍ സഹോദരന്‍ പ്രസ്സില്‍നിന്ന് ഇത് അച്ചടിച്ച് പ്രസിദ്ധീകരിച്ചുതുടങ്ങി. കെ. രാമവര്‍മത്തമ്പാന്‍, കെ. അയ്യപ്പന്‍, സി.വി. കുഞ്ഞുരാമന്‍, സി. കൃഷ്ണന്‍, എം.സി. ജോസഫ് തുടങ്ങിയവരായിരുന്നു അതിന്റെ പത്രാധിപസമിതിയംഗങ്ങള്‍.
രാമവര്‍മത്തമ്പാന്‍ പ്രസിഡന്റും എം.സി. ജോസഫ് സെക്രട്ടറിയുമായി 1935-ല്‍ കൊച്ചിയില്‍ യുക്തിവാദി സംഘം രജിസ്റ്റര്‍ ചെയ്തു. തിരുവനന്തപുരത്തും മറ്റുപലയിടങ്ങളിലും ചെറിയ സംഘങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നു. ഇടമറുകിന്റെ നേതൃത്വത്തില്‍ ഇസ്ത്രാ എന്ന മാസിക പ്രസിദ്ധീകരിക്കുന്നുണ്ടായിരുന്നു. 1953-ല്‍ ആലുവ അദ്വൈതാശ്രമം സ്കൂളില്‍വച്ച് യുക്തിവാദിസമ്മേളനം, സഹോദരന്‍ അയ്യപ്പന്‍, കുറ്റിപ്പുഴ തുടങ്ങിയവരുടെ നേതൃത്വത്തില്‍ നടക്കുകയുണ്ടായി. 1946-ല്‍ അഖില കൊച്ചി മിശ്രവിവാഹസംഘം രൂപീകൃതമായി. 1958-ല്‍ ഇത് കേരള മിശ്രവിവാഹ സംഘമായി മാറി. 1983-ല്‍ സംഘം പിളര്‍ന്നു. ജോസഫ് ഇടമറുകിന്റെ നേതൃത്വത്തില്‍ ഇന്ത്യന്‍ റാഷണലിസ്റ്റ് അസോസിയേഷനും 1984-ല്‍ കേരള യുക്തിവാദിസംഘടനയും രൂപീകൃതമായി. അഖിലേന്ത്യാ സംഘടനയ്ക്കു കേരളത്തില്‍ വേരുകള്‍ നഷ്ടപ്പെട്ടു. നേരത്തേ പരമാര്‍ശിക്കപ്പെട്ടവരെക്കൂടാതെ ക്യാപ്റ്റന്‍ ലക്ഷ്മി, പവനന്‍, യു. കലാനാഥന്‍, പ്രേംനാഥ്, പ്രഭ, പാറുക്കുട്ടിയമ്മ, കെ. പരമേശ്വരന്‍, വി.കെ പവിത്രന്‍, ജബ്ബാര്‍ തുടങ്ങിയവരാണ് കേരളത്തിലെ പ്രമുഖ യുക്തിവാദി നേതാക്കള്‍.
Image:M Prabha.png Image:Mail B Premanadh.png
Image:E A Jabbar.png Image:Sanal Edamaruku_1.png
യുക്തിവാദ നിലപാടുകള്‍ ഭൗതികവാദികളുടെ പക്ഷത്തുനിന്നുതന്നെ വിമര്‍ശനവിധേയമായിട്ടുണ്ട്. മതത്തെയും വിശ്വാസക്രമങ്ങളെയും ആരാധനയെയും സംബന്ധിച്ച് കേവല യുക്തിവാദികള്‍ സ്വീകരിക്കുന്ന നിലപാടുകള്‍ യാന്ത്രികമാണെന്നാണ് ഇതില്‍ പ്രധാനം. ഇത്തരം വിശ്വാസ മണ്ഡലം ബോധവത്കരണത്തിലൂടെയും യുക്തിവിചാരത്തിലൂടെയും നിര്‍മാര്‍ജനം ചെയ്യാന്‍ കഴിയുമെന്നാണ് അവര്‍ വിചാരിക്കുന്നത്. എന്നാല്‍ ജനതയുടെ ഭാവനാലോകത്ത് ഇടംകണ്ടെത്തിയ ഇവയ്ക്ക് ഭൗതികാടിത്തറയുണ്ടെന്നും, അതുതന്നെ ഒരു സാമൂഹികശക്തിയാണെന്നുമുള്ള ധാരണ യുക്തിവാദികള്‍ പിന്‍പറ്റുന്നില്ല. ജനങ്ങള്‍ അജ്ഞതയിലാണെന്നും അവരെ ബോധവത്കരിച്ചാല്‍ പ്രശ്നം പരിഹരിക്കാമെന്നും കരുതുന്നത് നവോത്ഥാനകാലത്ത് രൂപപ്പെട്ട കേവല യുക്തിയുടെ തുടര്‍ച്ചയാണ്. ഭൗതികാടിത്തറയെ വര്‍ഗസമരത്തിലൂടെ മാറ്റിമറിക്കുമ്പോള്‍ മാത്രമേ മതവും വിശ്വാസങ്ങളും അപ്രത്യക്ഷമാവുകയുള്ളൂ എന്നാണ് മാര്‍ക്സിസ്റ്റ് വാദം. എന്നാല്‍ സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയോടെ അവിടെ തിരിച്ചെത്തിയ മതങ്ങള്‍ ഇത്തരം ധാരണകളെയും ചോദ്യംചെയ്യുന്നതാണ്. മതാടിത്തറയെ യുക്തിവാദികള്‍ പരിശോധിക്കുന്നത് ആശയവാദപരമായാണെന്ന വിമര്‍ശനങ്ങളും നിലനില്ക്കുന്നുണ്ട്. 'മതത്തെ സൃഷ്ടിച്ച സാഹചര്യങ്ങള്‍ക്കെതിരായ സമരമാണ് മതത്തിനെതിരായ സമര'മെന്ന് മാര്‍ക്സ് വിശദീകരിക്കുന്നു. യുക്തിവാദികളുടെ ഇത്തരം യാന്ത്രിക സമീപനങ്ങളെ മറികടന്നുകൊണ്ട് ജാതീയവും മതപരവും വിശ്വാസപരവുമായ ആശയലോകങ്ങളെ നിരാകരിക്കുന്ന നിരീശ്വര-ഭൗതികവാദ നിലപാടുകള്‍ പുതിയ കാലത്ത് കൂടുതല്‍ സജീവവും വിപുലവുമാകുന്നുണ്ട്.
Image:Kanalatta.png

നവനിരീശ്വരവാദം

നിരീശ്വരവാദത്തില്‍ 21-ാം നൂറ്റാണ്ടില്‍ നടന്ന/നടക്കുന്ന മുന്നേറ്റങ്ങളെ സൂചിപ്പിക്കുന്നതിനാണ് ഈ പദം ഉപയോഗിക്കുന്നത്. സാം ഹാരിസ്, ഡാനിയല്‍ സി ഡെന്നത്ത്, റിച്ചാര്‍ഡ് ഡോക്കിന്‍സ്, വിക്ടര്‍ ജെ സ്റ്റെന്‍ജര്‍, ക്രിസ്റ്റഫര്‍ ഹിച്ചന്‍സ് എന്നിവരുടെ എഴുത്തുകളാണ് പുത്തന്‍ നിരീശ്വരവാദ സമീപനങ്ങളെ രൂപപ്പെടുത്തിയിരിക്കുന്നത്. ജനിതകശാസ്ത്രത്തിലും പ്രപഞ്ച വിജ്ഞാനീയത്തിലും മറ്റും നടന്ന നൂതന കണ്ടെത്തലുകളാണ് മതനിഷേധത്തിന്റെയും, ഈശ്വര നിഷേധത്തിന്റെയും ദര്‍ശനങ്ങള്‍ രൂപപ്പെടുത്താന്‍ ഇവര്‍ ഉപയോഗിക്കുന്നത്. മുന്‍തലമുറ നിരീശ്വരവാദങ്ങളുടെ അടിത്തറ തത്ത്വചിന്തയായിരുന്നുവെങ്കില്‍ പുതുനിരീശ്വരവാദം ശാസ്ത്രത്തിലാണ് ഊന്നുന്നത്.
Image:harriss.png Image:Daniel_dennett.png Image:Christopher Hitchens.png Image:viktor j.png
'ദൈവം ഉണ്ടെന്ന' പ്രസ്താവന ഒരു ഹൈപൊതിസിസ് ആണെന്നും, ഇത് ശാസ്ത്രീയ പരീക്ഷണത്തിന് വിധേയമാക്കുമ്പോള്‍ തെറ്റാണെന്ന് തെളിയിക്കാന്‍ കഴിയുമെന്നും ഡോക്കിന്‍സും, വിക്ടര്‍ സ്റ്റെന്‍ജറും വാദിക്കുന്നു. ജീവോത്പത്തിയും ഗാലക്സികളും മാനസിക പ്രതിഭാസങ്ങളും തലച്ചോറുമൊക്കെ നാച്വറലിസത്താല്‍ വിശദീകരിക്കാന്‍ കഴിയുമെന്നാണ് ഇവരുടെവാദം. ദൈവമുണ്ടെന്നതിന് തെളിവുകളില്ല എന്നതിനര്‍ഥം ദൈവം ഇല്ലെന്നതിന്റെ തെളിവാണെന്ന് പുതുനിരീശ്വരവാദം സമര്‍ഥിക്കുന്നു. പ്രകൃത്യതീതശക്തികള്‍ ഉണ്ടോ എന്നത് ശാസ്ത്രീയ അന്വേഷണത്തിന് വിധേയമാക്കാമെന്നും അങ്ങനെ അത്തരം ധാരണകള്‍ തെറ്റാണെന്ന് തെളിയിക്കാമെന്നുമാണ് വിശദീകരണം. അതുകൊണ്ടുതന്നെ സൃഷ്ടിവാദം പരാജയമടയുന്നു.
ഈ മേഖലയില്‍ എഴുതപ്പെട്ട പ്രധാന പുസ്തകങ്ങളാണ് ദ എന്‍ഡ് ഒഫ് ഫെയ്ത്, റിലീജിയന്‍ ടെറര്‍ ആന്‍ഡ് ഫ്യൂച്ചര്‍ ഒഫ് റീസണ്‍ (2004) എന്നിവ. തുടര്‍ന്ന് പ്രസിദ്ധീകരിക്കപ്പെട്ട ലെറ്റര്‍ ടു എ ക്രിസ്ത്യന്‍ നേഷന്‍ (2006), ക്രൈസ്തവതയെ വിമര്‍ശന വിധേയമാക്കി. ഇതേവര്‍ഷം തന്നെ ഗോഡ് ഡെല്യൂഷനും പുറത്തിറങ്ങി. ബ്രെയ്ക്കിങ് ദ സ്പെല്‍, റിലിജീയന്‍ അസ് എ നാച്വറല്‍ ഫിനോമിനണ്‍ (ഡാനിയല്‍ സി ഡെന്നത്ത് - 2006), ഗോഡ്: ദ ഫെയില്‍ഡ് ഹൈപൊതിസസ്, ഹൗ സയന്‍സ് ഷോസ് ദാറ്റ് ഗോഡ് ഡസ്നോട്ട് എക്സിസ്റ്റ് (വിക്ടര്‍ ജെ സ്റ്റെന്‍ജര്‍ - 2007), ഗോഡ് ഈസ് നോട്ട് ഗ്രെയ്റ്റ്, ഹൗ റിലിജിയന്‍ പോയിസണ്‍സ് എവരിതിങ്, (ക്രിസ്റ്റഫര്‍ ഹിച്ചന്‍സ് - 2007) തുടങ്ങിയ കൃതികളും ഇതേ ഗണത്തില്‍പ്പെട്ടവയാണ്.
2005-ല്‍ എന്‍സൈക്ളോപീഡിയ ബ്രിട്ടാനിക്ക നടത്തിയ സര്‍വേ പ്രകാരം ലോകത്ത് 11.9% മതേതരവിശ്വാസികളും 2.3% നിരീശ്വരവാദികളുമുണ്ടെന്ന് കണക്കാക്കുന്നു. പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ നിരീശ്വരവാദികളുടെ എണ്ണം ഇതര മേഖലകളെക്കാള്‍ കൂടുതലാണ്. ഫ്രാന്‍സില്‍ 27% പേര്‍ മാത്രമാണ് ഈശ്വരവിശ്വാസികള്‍ എന്ന് 2006-ല്‍ ഫിനാന്‍ഷ്യല്‍ ടൈംസ് നടത്തിയ പഠനങ്ങള്‍ കാണിക്കുന്നു. 85% സ്വീഡന്‍കാരും, 65% ജാപ്പനീസുകാരും, 48% റഷ്യക്കാരും ദൈവവിശ്വാസികളല്ലെന്നാണ് കണക്കുകള്‍ പറയുന്നത്. വിശ്വാസികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടായതിനാല്‍ യൂറോപ്പില്‍ പല പള്ളികളും പൂട്ടുകയും പുരാകേന്ദ്രങ്ങളാക്കുകയും ചെയ്തിട്ടുണ്ട്. മതങ്ങളുടെ ദീര്‍ഘമായ പ്രവര്‍ത്തനചരിത്രവുമായി താരതമ്യം ചെയ്യുമ്പോള്‍ ഹ്രസ്വകാലംകൊണ്ട് നിരീശ്വരവാദം കൈവരിച്ച ജനപിന്തുണ വളരെ വലുതാണെന്ന് കാണാം.
സാമൂഹിക പരിവര്‍ത്തനപ്രക്രിയയുടെ ഭാഗമായിട്ടാണ് ഈശ്വരവിശ്വാസവും മതസങ്കല്പങ്ങളും ആവിര്‍ഭവിച്ചത്. എന്നാല്‍, സാമൂഹിക ജീവിതത്തിന്റെ അതിജീവനത്തിന് വിശ്വാസം അനുപേക്ഷണീയമാണെന്ന വാദത്തെ ചരിത്രം സാധൂകരിക്കുന്നില്ല എന്നതൊരു വസ്തുതയാണ്. വിശ്വാസത്തിന്റെ ചരിത്രം പരിശോധിച്ചാല്‍ അതിന് അധികാരവ്യവസ്ഥയുമായുള്ള ബന്ധം വ്യക്തമാകും. മാത്രവുമല്ല പ്രകൃതിയിലെ ലളിതമായ പ്രതിഭാസങ്ങളെ അപകടകരവും അതിഭൗതികവുമായ പ്രതിനിധാനങ്ങളായി മനസ്സിലാക്കിയ പ്രാചീന കാലത്തെ മസ്തിഷ്ക(മനോ) ഘടനയില്‍ ഇപ്പോഴും കാര്യമായ മാറ്റങ്ങള്‍ സംഭവിച്ചിട്ടില്ല. സാമൂഹ്യപരിണാമത്തിന്റെ ആദ്യഘട്ടങ്ങളിലെ മനോവ്യാപാരങ്ങളുടെ സൃഷ്ടിയായിരുന്നു 'വിശ്വാസ'ങ്ങള്‍ എന്നാണ് ഇത് വ്യക്തമാക്കുന്നത്. ആധുനികശാസ്ത്രത്തിന് വളരെ സാവധാനം മാത്രമേ ഇത്തരം പ്രതിനിധാനങ്ങളുടെ മിഥ്യയെക്കുറിച്ച് മനുഷ്യരെ ബോധമുള്ളവരാക്കാനും യാഥാര്‍ഥ്യബോധത്തിലേക്കു നയിക്കാനും കഴിയുകയുള്ളു.
ഭൗതികവാദപരമായ ശാസ്ത്രസിദ്ധാന്തങ്ങള്‍ ഇന്ന് പ്രപഞ്ചപ്രതിഭാസങ്ങള്‍ മുതല്‍ ജീവനെയും മനസ്സിനെയും വരെ വസ്തുനിഷ്ഠമായി വിശദീകരിക്കുവാനുള്ള പ്രാപ്തി ആര്‍ജിച്ചിട്ടുണ്ട്. പ്രപഞ്ചം, ജീവന്‍, മനസ്സ് എന്നിവയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള അറിവിലെ 'വിടവു'കളായിരുന്നു വിശ്വാസത്തെ സാധ്യമാക്കിയത്. 'ദൈവം', 'അതിഭൌതികശക്തി' എന്നീ സങ്കല്പങ്ങള്‍ക്ക് യുക്തിസഹമായി നിലനില്ക്കാനാവാത്തവിധം ഈ വിടവുകള്‍ നികത്തപ്പെട്ടിട്ടുണ്ട്. അതിനാല്‍ ശാസ്ത്രീയമായ ലോകബോധത്തിന്റെയും ജ്ഞാനത്തിന്റെയും വികാസത്തിനുമുമ്പില്‍ കാലഹരണപ്പെട്ടുകൊണ്ടിരിക്കുന്ന മതസങ്കല്പങ്ങളെ പിടിച്ചുനിര്‍ത്തുന്നതിനുവേണ്ടി ഇന്ന് ദൈവശാസ്ത്രജ്ഞര്‍ ആശ്രയിക്കുന്നത് ധാര്‍മികതാവാദത്തെയാണ്. വിശ്വാസവും മതവുമില്ലാത്ത സമൂഹം അരാജകത്വത്തിലേക്കും അക്രമത്തിലേക്കുമായിരിക്കും അധഃപതിക്കുകയെന്നതാണ് ഇവരുടെ വാദം. ധാര്‍മികതയുടെ പ്രഭവകേന്ദ്രം വിശ്വാസമാണെന്നാണ് ഈ വാദത്തിനടിസ്ഥാനം. ഈ വാദത്തിന് ചരിത്രവസ്തുതകളുടെ പിന്‍ബലമില്ലെന്നു മാത്രമല്ല, സമകാലീന ലോകസാഹചര്യവും അതിനെ സാധൂകരിക്കുന്നില്ല.

ഭിന്നമതങ്ങളും മതങ്ങള്‍ക്കുള്ളിലെ വ്യത്യസ്ത സമ്പ്രദായങ്ങളും തമ്മില്‍ നടന്ന ഹിംസാത്മക സംഘട്ടനങ്ങളാണ് മതേതരത്വം, മതസഹിഷ്ണുത തുടങ്ങിയ മൂല്യങ്ങളെക്കുറിച്ച് ചിന്തിക്കാന്‍ ആധുനികചിന്തകരെ പ്രേരിപ്പിച്ചത്. സമകാലീന സാമൂഹ്യ മനുഷ്യാസ്തിത്വത്തിന്റെ ആധാരശിലയായ ഈ രണ്ട് മൂല്യങ്ങളും വിശ്വാസത്തെയും മതത്തെയും നിരാകരിച്ച ചിന്താധാരയുടെ ഉത്പന്നങ്ങളാണെന്നത് ശ്രദ്ധേയമാണ്. മനുഷ്യചിന്തയുടെയും ഭാവനയുടെയും ചരിത്രം പരിശോധിച്ചാല്‍, വിശ്വാസത്തിനു സമാന്തരമായിത്തന്നെ നിരീശ്വരവാദവും വളര്‍ന്നുവന്നിട്ടുണ്ടെന്നുകാണാം. മനുഷ്യന്റെ സാമൂഹിക പരിവര്‍ത്തനത്തെയും ശാസ്ത്രീയ വീക്ഷണത്തെയും വികസിപ്പിക്കുന്നതില്‍ പങ്കുവഹിച്ചിട്ടുള്ള ചിന്താധാരകളെല്ലാം ഏതെങ്കിലും തരത്തില്‍ നിരീശ്വരവാദപരമായ ആശയങ്ങളോടാണ് കടപ്പെട്ടിരിക്കുന്നത്.

Sunday 16 December 2012

പുലര്‍കാല ചിന്തകള്‍ ..

                 " തത് സത്യം, സ ആത്മ, തത്ത്വമസി  ശ്വേതകേതോ "
അതാണ്‌ സത്യം , അതാണ് ആത്മാവ് , അത് നീയാണ് . ഛാന്ദൊഗ്യതില്‌  ഇത് വായിച്ചപ്പോള്‍ മുതല്‍ ഞാന്‍ എന്‍റെ അസ്തിത്വത്തെ കുറിച്ച് സംശയാലുവാണ് . സത്യത്തില്‍ ആദി ശങ്കരന്‍ പറയുന്ന മായ അത്രയ്ക്കും ശക്തിയുള്ളതാണോ ??   എനിക്കറിയില്ല , പക്ഷേ ഇതുവരെ കാണാത്ത ഒരു ലോകമുണ്ടെന്നും അവിടെ അനുഭവിച്ചറിയാന്‍ പറ്റാത്ത വികാരങ്ങള്‍ ഉണ്ടെന്നു വിശ്വസിക്കനാനനികിഷ്ടം . ഈ യാത്ര ഞാന്‍  ഒരുപാടു പ്രാവശ്യം ചെയ്തിട്ടുള്ള പോലെ തോന്നുന്നു . പക്ഷേ വീണ്ടും ഇങ്ങോട്ടു തന്നെ എന്തിന് ?? എത്തി ചേരേണ്ട സ്ഥലത്തെക്കുറിച്ച്  ബോബോധാവാനാനെങ്കില്‍  ഞാനിത് പണ്ടേ അവസാനിപ്പിച്ചേനെ ; ഇനിയും ഉത്തരം കിട്ടാത്ത ഒരുപാടു ചോദ്യങ്ങള്‍ ആണ് ഈ യാത്രയുടെ കാരണം , കാര്യം എപ്പോഴും ഒളിച്ചുകളിച്ചുകൊണ്ടെയിരിക്കും . എല്ലാ വഴികളും എതിചെരേണ്ടത് ഒരേ സ്ഥലത്ത് തന്നെ എന്നു നല്ല നിശ്ചയമുണ്ട് പക്ഷെ ഇതുവരെ ഒരു വഴിയും തിരഞ്ഞെടുക്കാന്‍ എനിക്കായിട്ടില്ല , ഞാന്‍ അതിനു മിനക്കെട്ടില്ല എന്ന് പറയുന്നതാവും ശരി . ഇതിനു ഒരു മാറ്റം വേണമെന്നു തോന്നുന്നു  കാരണം ഈ ഭൂമിയില്‍ ജീവിച്ചു മരിച്ച എല്ലാവരും അങ്ങിനെ തന്നെ ആയിരുന്നില്ലേ? 
          സ്വപ്‌നങ്ങള്‍ കാണാന്‍ ആരാണെന്നെ പഠിപ്പിച്ചതെന്നറിയില്ല , പക്ഷെ ഇന്ന് ഞാന്‍ സ്വപ്നങ്ങളേക്കാള്‍ ഉറങ്ങാനാണ് ആഗ്രഹിക്കുന്നത് , ആ ഉറക്കത്തിനിടയില്‍ മനസ്സിന്‍റെ താളം നിശ്ചലമാകുമെന്നും, ഞാന്‍ വിശ്വസിക്കുന്ന ലോകത്തില്‍  അറിയാതെ തന്നെ ഞാന്‍ എത്തി ചേരുമെന്നും എനിക്കറിയാം . ആ തിരിച്ചറിവാണ് ഓരോ ദിവസവും ജീവിച്ചു തീര്‍ക്കാന്‍ എന്നെ സഹായിക്കുന്നത് , അല്ലെങ്കില്‍ ഓരോ പകലും രാത്രി ഉറങ്ങാന്‍ വേണ്ടിയുള്ള കാത്തിരിപ്പ് ആണെന്ന് പറയാം . ഒരിക്കല്‍ മടങ്ങി വരാത്ത ഒരു ഉറക്കത്തിലേക്ക് ഞാനും എല്ലാവരേയും പോലെ വഴുതി വീഴും , അപ്പോഴും നിങ്ങളല്ല , തീര്‍ക്കാതെ വച്ച കാര്യങ്ങളെ ഓര്‍ത്തു ഞാനാണ് കരയേണ്ടത് . ഈ ലോകത്തില്‍ ഒന്നും സുസ്ഥിരമല്ല  ജനിച്ചാല്‍ മരിക്കണം ,മരണമില്ലെങ്കില്‍ പരിവര്‍തനമില്ല , മോക്ഷവുമില്ല . എല്ലാ കാര്യ കാരണങ്ങളും ഒരുതരം ആപേക്ഷികതയില്‍ ആണ് വര്‍ത്തിക്കുന്നത് . തുടക്കത്തില്‍ എത്തിച്ചേരാനുള്ള, ചെന്നവസനിക്കാനുള്ള  വ്യഗ്രത എല്ലാത്തിലും കാണാം . പക്ഷേ ഒന്നും അവസാനിക്കുന്നില്ല , അത് മറ്റൊന്നിന്‍റെ തുടക്കം മാത്രം എന്ന് എനിക്കിന്ന് മനസ്സിലാകുന്നു . അത് പോലെ എന്‍റെ യുക്തി ചിന്തകളും , മനസ്സിനെ വരുതിയിലാക്കാനുള്ള ശ്രമങ്ങളും ഇനിയും  തുടരും .....